Latest Updates

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ) നടത്തിയ 38 വിദേശ യാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവ് 2023ലെ അമേരിക്കന്‍ യാത്രയ്ക്കാണ്. ഇതിന് മാത്രം 22 കോടിയിലധികം രൂപ ചെലവായി. അതേസമയം, 2023ല്‍ തന്നെ നടത്തിയ മറ്റൊരു അമേരിക്കന്‍ സന്ദര്‍ശനത്തിന് 15 കോടിയിലധികം രൂപ ചെലവായിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2023 മെയ് മാസത്തിലെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17.19 കോടി രൂപയും, 2022 മെയ് മാസത്തിലെ നേപ്പാള്‍ യാത്രയ്ക്ക് 80 ലക്ഷം രൂപയുമാണ് ചെലവായത്. 2022-24 കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു. ആകെ 38 വിദേശ യാത്രകള്‍ക്കായി 258 കോടി രൂപ ചെലവായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice